എന്റെ സ്വപ്‌നങ്ങള്‍

Sunday 7 June 2009

പിന്നെയെന്തു ഞാനാണു ഞാന്‍....?

കാലത്തിനപ്പുറം കേള്‍വിയെ പ്രതീക്ഷിച്ച്‌,
കാഴ്‌ചകള്‍ക്ക്‌ കണ്ണിമചിമ്മാതെ കാത്തിരിപ്പ്‌....
ഓര്‍മകള്‍ മടങ്ങിവരുന്നത്‌ കൊതിക്കുകയും
വെറുക്കുകയും ചെയ്യുന്ന പച്ചമനുഷ്യന്‍.
പ്രിയം തോന്നുന്നതെന്തും സ്വന്തമാക്കാന്‍
കൊതിച്ച്‌, ചിലപ്പോള്‍ നഷ്ടപ്പെട്ടതോര്‍ത്ത്‌
വേദനിക്കും. ചിലപ്പോള്‍ കിട്ടിയതോര്‍ത്തും.
വാക്കുകള്‍ക്ക്‌ മൂര്‍ച്ചയേറി ഹൃദയം മുറിഞ്ഞും
മുറിയിപ്പിച്ചും... മനസ്‌ സംസാരിക്കുക
കുറവാണ്‌....അടുക്കാന്‍ ഏറെപാട്‌, അകലാനും.
മറച്ചുവയ്‌ക്കാന്‍ രഹസ്യങ്ങള്‍ ഒരുപാടുണ്ട്‌,
തുറക്കപ്പെട്ടത്‌ പലയിടങ്ങളില്‍ പലരോട്‌...
അപരിചിതരോടു ചിരിക്കാന്‍ ഒടുങ്ങാത്ത
വിമുഖത. സംസാരിക്കാനും.
അടുത്താല്‍ നിങ്ങളെന്റെ ജീവനാണ്‌.
അകലുമ്പോള്‍ നെഞ്ച്‌ നീറും....
അനിവാര്യമായ വിടപറയലുകള്‍
തടഞ്ഞുനിര്‍ത്താനാവാത്തതിനാല്‍
ഒരിറ്റു കണ്ണീര്‍ പൊഴിക്കും ഞാന്‍.
അത്രയെങ്കിലും ചെയ്യാനായില്ലെങ്കില്‍
പിന്നെയെന്തു ഞാനാണു ഞാന്‍....?
posted by സ്‌പന്ദനം at 13:35 3 comments

Thursday 7 May 2009

കാണാതിരിക്കരുത്‌ ഈ അമ്മയുടെ കരച്ചില്‍



ഒരുവന്റെ ജീവിതത്തില്‍ പണത്തിനുള്ള സ്ഥാനം എത്രമാത്രമാണ്‌?. സ്വന്തം ജീവനോളം എന്നായിരിക്കും പലരുടെയും ഉത്തരം. എന്നാല്‍ അവനവന്‍ മാത്രമുള്ള ഒരു ലോകം എത്ര ദുസ്സഹമായിരിക്കും. ആലോചിച്ചു നോക്കൂ. വീട്‌, വീട്ടുകാര്‍, അച്ഛന്‍, അമ്മ, മക്കള്‍, ഭാര്യ, ഭര്‍ത്താവ്‌, സഹോദരന്‍, സഹോദരി, നാട്ടുകാര്‍.....ബന്ധങ്ങള്‍ പലവഴികളിലൂടെ നമ്മെ നാമാക്കി, ഒരു വ്യക്തിയായി മാറ്റുകയാണ്‌. ആ വഴികളിലൂടെ നമുക്ക്‌ ലഭിക്കുന്നത്‌ ഒരു വ്യക്തിത്വമാണ്‌. കേവലമൊരു പേരില്‍ ഒതുങ്ങിക്കൂടാതെ അത്‌ മറ്റുള്ളവരോടുള്ള സഹകരണത്തിലൂടെ വ്യാപിക്കുകയാണ്‌. പണത്തെ സ്വന്തം ജീവനോളം പ്രണയിക്കുമ്പോള്‍, ആഗ്രഹിക്കുമ്പോള്‍ ഇല്ലാതാവുന്നത്‌ ഈ ബന്ധങ്ങളാണ്‌. തുടര്‍ന്ന്‌ നാം നാം മാത്രമായി ചുരുങ്ങും.
മുകളില്‍ കാണുന്ന ചിത്രം ഇത്തരമൊരു പുനര്‍വിചിന്തനത്തിനു പാത്രമായി തീരേണ്ടതാണ്‌. എല്ലാറ്റിനുമൊടുവില്‍ പശ്ചാത്തപിച്ച്‌ മടങ്ങിവരാത്ത മകളുടെ കുഴിമാടത്തില്‍ അലമുറയിടുന്ന ഈ അമ്മ നമുക്കൊക്കെ ഒരു പാഠമാവണം. സമ്പത്തിന്‌ അമിത പ്രാധാന്യം നല്‍കുന്ന, ദരിദ്രരെ പുച്ഛിക്കുന്ന പുതുസമൂഹത്തിന്റെ പഠിപ്പിനെ സഹവര്‍ത്തിത്വത്തിന്റെ, സഹാനുഭൂതിയുടെ പുതിയ തലങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോവാന്‍ തക്ക ഒരു മാറ്റമാവണം അതിലൂടെ ഉണ്ടാവാണ്ടേത്‌.
കടം വാങ്ങിയ പണം പലിശ കയറി തിരിച്ചു കൊടുക്കാനാവാത്ത അവസ്ഥയിലാണ്‌ കൊല്ലം ജില്ലക്കാരിയായ ഈ അമ്മ, കടം നല്‍കിയ സ്‌ത്രീയെ വകവരുത്തിയതും പിടിക്കപ്പെടുമെന്നായപ്പോള്‍ സ്വന്തം കുരുന്നിനെ കുളത്തിലേക്ക്‌ വലിച്ചെറിഞ്ഞ്‌ ആത്മഹത്യക്കും ശ്രമിച്ചതും. പക്ഷേ അമ്മയുടെ ഹൃദയം ചെയ്‌തുപോയ തെറ്റിനെയോര്‍ത്ത്‌ എത്ര പരിതപിച്ചാലും മകളെ തിരികെ കിട്ടില്ല. നാട്ടാരുടെയും നിയമത്തിന്റെയും മുന്നില്‍ മകളെ കൊന്നവളെന്ന ദുഷ്‌പ്പേരും. പണം ദൈവം നല്‍കുന്നതാണ്‌. അതില്ലാത്തതില്‍ ദുഃഖിക്കേണ്ടതില്ല. ജീവിക്കുക, മാന്യമായി. ഏതു സാഹചര്യത്തിലും.
posted by സ്‌പന്ദനം at 03:37 3 comments

Thursday 19 March 2009

സെമിത്തേരിയുടെ കാവലാള്‍



ശവക്കൂമ്പാരങ്ങള്‍ക്ക്‌ നടുവില്‍
ഏകനായി നില്‍ക്കുവാന്‍
ഒട്ടേറെ ധൈര്യം അവലംബിച്ചാണ്‌
അയാള്‍ കടന്നുവന്നത്‌.
ആദ്യരാത്രി ശ്വാസം വിടാന്‍
പോലും ഭയപ്പെട്ട്‌.
പകലിരുണ്ട്‌ നിശബ്ദതയിലേക്ക്‌
വഴുതുമ്പോള്‍ കൂട്ടിയിട്ട
പുഷ്‌പച്ചക്രങ്ങള്‍ക്കു
നടുവില്‍ ദുസ്സഹമായ
ഏകാന്തതയായിരുന്നു കൂട്ട്‌.
എന്നും പുതുമയുമായാണ്‌
ഓരോരുത്തരും എത്തിയത്‌.
വണ്ടി കയറി, കുന്നിന്‍മുകളില്‍
നിന്ന്‌ താഴ്‌വരയിലേക്ക്‌ പറന്ന്‌,
ശിഖരങ്ങളില്‍ കയര്‍ത്താലി കൊണ്ട്‌
ബന്ധം കൂടി, ജലാശയങ്ങളുടെ
ആഴങ്ങളില്‍ ശ്വാസത്തെ ഉപേക്ഷിച്ച്‌,
മറ്റുചിലര്‍ 'കീടത്തെ നശിപ്പിക്കാ'ന്‍
മരുന്ന്‌ കഴിച്ച്‌, തൊലി ചുളിഞ്ഞാണ്‌
ചിലര്‍ വിടപറഞ്ഞത്‌.
ജീവിതയോട്ടത്തിനിടെ ഹൃദയം
പണിമുടക്കിയെത്തിവരുമുണ്ട്‌.
എന്നാല്‍ ഒക്കെക്കും ഒരേ രൂപം.
തണുത്തുമരവിച്ച്‌, വഴങ്ങാന്‍
കൂട്ടാക്കാതെ, ചിലപ്പോള്‍ കണ്ണുകള്‍ തുറിച്ച്‌
ചിലപ്പോള്‍ പാതിയടഞ്ഞ്‌...
പിന്നിട്ട നാളുകളേക്കുറിച്ചാണയാള്‍
ഓരോ രാത്രിയും ചിന്തിച്ചുനീക്കിയത്‌.
ഒടുവിലാ ശവപ്പറമ്പില്‍ അവസാന
ശ്വാസത്തെ ഉപേക്ഷിച്ച്‌...
പുതിയ കാവല്‍ക്കാരനെയും
കാത്ത്‌ മഞ്ഞുംതണുപ്പുമേറ്റ്‌
ശവങ്ങളെ ഭയന്ന കാവല്‍ക്കാരന്‍....
posted by സ്‌പന്ദനം at 12:17 1 comments

Friday 6 March 2009

വാക്കു പാലിച്ച ഗുണ്ട


ചോരകാണാതെ ഉറക്കം വരില്ലെന്നായിരുന്നു
ആ തെരുവുഗുണ്ടയുടെ വീരവാദം.
ആളുകള്‍ ഭീതിയൊഴിയാതെ നോക്കിയ
ഗുണ്ടയൊടുവില്‍ ചോരകണ്ടു കണ്ണടച്ചു.
നെഞ്ചില്‍ ആരോ കുത്തിയിറക്കിയ
കത്തി മോര്‍ച്ചറിയിലെ ടേബിളില്‍ വച്ചാണ്‌
ഡോക്ടര്‍മാര്‍ നീക്കം ചെയ്‌തത്‌.
അന്നു നാട്ടുകാര്‍ പറഞ്ഞു എത്ര
സത്യസന്ധനായിരുന്നു അയാള്‍.
പറഞ്ഞവാക്കു പാലിച്ചുകളഞ്ഞില്ലേ...

Labels:

posted by സ്‌പന്ദനം at 11:17 3 comments

Friday 7 November 2008

തീവ്രവാദി!

നാവ്‌ മടിച്ചു-പേര്‌ പറയാന്‍!
കാല്‌ ചലനം നിര്‍ത്തി-പള്ളിയില്‍ പോവാന്‍!
താടി ഞാന്‍ നീട്ടിയില്ല!
വിശുദ്ധ ഖുര്‍ആന്‍ തട്ടിന്‍പുറത്തുപേക്ഷിച്ചു!
മുണ്ട്‌ ഇടത്തോട്ടുടുക്കുന്നത്‌ മനപ്പൂര്‍വം മറന്നു!
നെറ്റിയിലെ നിസ്‌കാരതഴമ്പ്‌ കളയാന്‍
മരുന്നുകള്‍ പലതും തേടി!
സഹോദരന്‌ സലാം പറയുന്നത്‌ ഒഴിവാക്കി!
വെറുതെയെന്തിന്‌ തീവ്രവാദിയെന്ന
വിശേഷണം തേടണം? വെറുതെയെന്തിന്‌
അഴികള്‍ എണ്ണണം? വെറുതെയെന്തിന്‌
രാജ്യദ്രോഹിയാവണം?
ചോദ്യങ്ങളിനിയും ബാക്കി..
ഉത്തരം പക്ഷേ
കിട്ടേണ്ടതില്ല; കാരണം എന്നേ ഞാന്‍
മുദ്ര ചാര്‍ത്തപ്പെട്ട തീവ്രവാദിയാണ്‌.

Labels:

posted by സ്‌പന്ദനം at 11:44 9 comments

Tuesday 23 September 2008

കാത്തിരിപ്പിന്റെ വേദനയും സുഖവും



കാത്തിരിപ്പിന്റെ സുഖം ഞാനറിഞ്ഞത്‌
ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ അവളെ കാത്തിരിക്കുമ്പോഴായിരുന്നു.
കാത്തിരിപ്പിന്റെ വേദന ഞാനറിഞ്ഞത്‌
അവളെന്നെ ഉപേക്ഷിച്ചു പോയപ്പോളും.
posted by സ്‌പന്ദനം at 12:22 8 comments

Saturday 13 September 2008

നാളെ ഞങ്ങള്‍ക്ക്‌ പുതിയ ബന്ധുക്കളെ ലഭിക്കും



1.
ഇന്നെന്റെ വിവാഹമായിരുന്നു.
സുഹൃത്തുക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍
നാട്ടുകാര്‍ അങ്ങിനെ ഒരുപാട്‌പേര്‍.
ആഘോഷം കഴിഞ്ഞ്‌ എല്ലാവരും പിരിയുമ്പോള്‍
പാതിരാവായി. ഇന്നുമുതല്‍ ഞങ്ങള്‍ ഒന്നാവുകയാണ്‌.
2.
ഇന്ന്‌ ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം.
പഴയ വീടല്ലയിപ്പോള്‍. ആഡംബരം തുളുമ്പുന്ന
വലിയൊരു ബംഗ്ലാവിന്റെ മുറ്റം നിറയെ
അലങ്കാരദീപങ്ങളാണ്‌..ആളുകള്‍, ബഹളം...
പറയാന്‍ മറന്നൂ..ഞങ്ങള്‍ക്ക്‌ രണ്ടുമക്കളാണ്‌.
ഒരാണും ഒരു പെണ്ണും. രണ്ടുപേരും
ഉപരിപഠനാര്‍ഥം സ്റ്റേറ്റ്‌സില്‍.
ഇന്നവര്‍ രാവിലെ വിളിച്ചിരുന്നു.
ആശംസയറിയിക്കാന്‍. അടുത്തില്ലാത്തതിന്റെ
ദുഃഖവും പങ്കുവച്ചു. രാത്രി എല്ലാവരും പോയി.
3.
ഞങ്ങളൊറ്റയ്‌ക്കാണ്‌ കഴിഞ്ഞ അഞ്ചുവര്‍ഷമായി.
ഇന്ന്‌ ഞങ്ങളുടെ മക്കളുടെ വിവാഹമാണ്‌.
അകലെങ്ങളിലിരുന്നവര്‍ ഞങ്ങളുടെ
ആശീര്‍വാദം സ്വീകരിച്ചു. ഒറ്റയ്‌ക്കിരുന്നു ഞങ്ങള്‍
വല്ലാതെ മുഷിയുന്നു ഇപ്പോള്‍.
ഫോണിലും മെയിലിലും മക്കളോടും പേരമക്കളോടും
സംവദിക്കുന്നതാണ്‌ ഇപ്പോള്‍ ആകെയുള്ള രസം.
4.
ഇന്ന്‌ ഞങ്ങള്‍ രണ്ടുപേരും ഹോസ്‌പിറ്റല്‍ വരെ പോയി.
മധുരവും ഉപ്പുമൊക്കെ നിയന്ത്രിക്കാനാണ്‌
ഡോക്ടറുടെ നിര്‍ദേശം.
തളര്‍ച്ചയാണ്‌ ശരീരത്തിനെന്ന്‌ പ്രിയതമ ആദ്യമായി
പരാതി പറഞ്ഞിന്ന്‌.
വൈകീട്ട്‌ മൂത്തവനോടും പിന്നീട്‌ ഇളയവളേയും
വിവരമറിയിച്ചു.
5.
ഇന്ന്‌ അതും കഴിഞ്ഞിട്ട്‌ നാലുവര്‍ഷങ്ങള്‍ കൂടി
വിടവാങ്ങി. തനിച്ചായതിനാല്‍ എന്തെങ്കിലും മാര്‍ഗം
നോക്കാനാണിന്ന്‌ മക്കള്‍ അറിയിച്ചത്‌.
6.
ഇന്ന്‌ ഞങ്ങളുടെ 50ാം വിവാഹവാര്‍ഷികം.
ആരുമില്ലായിരുന്നു ആഘോഷങ്ങള്‍ക്ക്‌.
പറയാന്‍ മറന്നു നാളെ ഞങ്ങള്‍ക്ക്‌
പുതിയ ബന്ധുക്കളെ ലഭിക്കും.
ശുശ്രൂഷിക്കാന്‍ ആയമാര്‍, സമയത്തിന്‌ ആഹാരം,
സമയം പോക്കാന്‍ ഉപാധികള്‍ വേറെ..
മക്കളുടെ ഇഷ്ടത്തിന്‌ എതിരുനില്‍ക്കുന്നത്‌
ഞങ്ങള്‍ക്കു തീരെ ഇഷ്ടമില്ല.
സ്‌നേഹാലയമെന്നാണ്‌ പുതിയ വീടിന്റെ പേര്‌.
കൊണ്ടുപോവാന്‍ ഒന്നുമില്ല, ഓര്‍മകളല്ലാതെ.
എല്ലാവരെയും വിളിക്കണമെന്നുണ്ട്‌.
പക്ഷേ......................



ചിത്രത്തിന്‌ കടപ്പാട്‌: ഗൂഗ്‌ള്‍

Labels: ,

posted by സ്‌പന്ദനം at 07:59 14 comments

*
*
*
*

This free script provided by
JavaScript Kit

copy right @ spandanam