എന്റെ സ്വപ്‌നങ്ങള്‍
Tuesday, 23 September 2008
കാത്തിരിപ്പിന്റെ വേദനയും സുഖവും

കാത്തിരിപ്പിന്റെ സുഖം ഞാനറിഞ്ഞത്
ക്ലാസ് കട്ട് ചെയ്‌ത് അവളെ കാത്തിരിക്കുമ്പോഴായിരുന്നു.
കാത്തിരിപ്പിന്റെ വേദന ഞാനറിഞ്ഞത്
അവളെന്നെ ഉപേക്ഷിച്ചു പോയപ്പോളും.
Saturday, 13 September 2008
നാളെ ഞങ്ങള്‍ക്ക് പുതിയ ബന്ധുക്കളെ ലഭിക്കും

1.
ഇന്നെന്റെ വിവാഹമായിരുന്നു.
സുഹൃത്തുക്കള്‍, അധ്യാപകര്‍, ബന്ധുക്കള്‍
നാട്ടുകാര്‍ അങ്ങിനെ ഒരുപാട്‌പേര്‍.
ആഘോഷം കഴിഞ്ഞ് എല്ലാവരും പിരിയുമ്പോള്‍
പാതിരാവായി. ഇന്നുമുതല്‍ ഞങ്ങള്‍ ഒന്നാവുകയാണ്.
2.
ഇന്ന് ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം.
പഴയ വീടല്ലയിപ്പോള്‍. ആഡംബരം തുളുമ്പുന്ന
വലിയൊരു ബംഗ്ലാവിന്റെ മുറ്റം നിറയെ
അലങ്കാരദീപങ്ങളാണ്..ആളുകള്‍, ബഹളം...
പറയാന്‍ മറന്നൂ..ഞങ്ങള്‍ക്ക് രണ്ടുമക്കളാണ്.
ഒരാണും ഒരു പെണ്ണും. രണ്ടുപേരും
ഉപരിപഠനാര്‍ഥം സ്റ്റേറ്റ്‌സില്‍.
ഇന്നവര്‍ രാവിലെ വിളിച്ചിരുന്നു.
ആശംസയറിയിക്കാന്‍. അടുത്തില്ലാത്തതിന്റെ
ദുഃഖവും പങ്കുവച്ചു. രാത്രി എല്ലാവരും പോയി.
3.
ഞങ്ങളൊറ്റയ്‌ക്കാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി.
ഇന്ന് ഞങ്ങളുടെ മക്കളുടെ വിവാഹമാണ്.
അകലെങ്ങളിലിരുന്നവര്‍ ഞങ്ങളുടെ
ആശീര്‍വാദം സ്വീകരിച്ചു. ഒറ്റയ്‌ക്കിരുന്നു ഞങ്ങള്‍
വല്ലാതെ മുഷിയുന്നു ഇപ്പോള്‍.
ഫോണിലും മെയിലിലും മക്കളോടും പേരമക്കളോടും
സംവദിക്കുന്നതാണ് ഇപ്പോള്‍ ആകെയുള്ള രസം.
4.
ഇന്ന് ഞങ്ങള്‍ രണ്ടുപേരും ഹോസ്‌പിറ്റല്‍ വരെ പോയി.
മധുരവും ഉപ്പുമൊക്കെ നിയന്ത്രിക്കാനാണ്
ഡോക്ടറുടെ നിര്‍ദേശം.
തളര്‍ച്ചയാണ് ശരീരത്തിനെന്ന് പ്രിയതമ ആദ്യമായി
പരാതി പറഞ്ഞിന്ന്.
വൈകീട്ട് മൂത്തവനോടും പിന്നീട് ഇളയവളേയും
വിവരമറിയിച്ചു.
5.
ഇന്ന് അതും കഴിഞ്ഞിട്ട് നാലുവര്‍ഷങ്ങള്‍ കൂടി
വിടവാങ്ങി. തനിച്ചായതിനാല്‍ എന്തെങ്കിലും മാര്‍ഗം
നോക്കാനാണിന്ന് മക്കള്‍ അറിയിച്ചത്.
6.
ഇന്ന് ഞങ്ങളുടെ 50ാം വിവാഹവാര്‍ഷികം.
ആരുമില്ലായിരുന്നു ആഘോഷങ്ങള്‍ക്ക്.
പറയാന്‍ മറന്നു നാളെ ഞങ്ങള്‍ക്ക്
പുതിയ ബന്ധുക്കളെ ലഭിക്കും.
ശുശ്രൂഷിക്കാന്‍ ആയമാര്‍, സമയത്തിന് ആഹാരം,
സമയം പോക്കാന്‍ ഉപാധികള്‍ വേറെ..
മക്കളുടെ ഇഷ്ടത്തിന് എതിരുനില്‍ക്കുന്നത്
ഞങ്ങള്‍ക്കു തീരെ ഇഷ്ടമില്ല.
സ്‌നേഹാലയമെന്നാണ് പുതിയ വീടിന്റെ പേര്.
കൊണ്ടുപോവാന്‍ ഒന്നുമില്ല, ഓര്‍മകളല്ലാതെ.
എല്ലാവരെയും വിളിക്കണമെന്നുണ്ട്.
പക്ഷേ......................

ചിത്രത്തിന് കടപ്പാട്: ഗൂഗ്‌ള്‍
Thursday, 11 September 2008
പ്രണയം കനിഞ്ഞ തപസ്

തപസ് തുടങ്ങിയത് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ
സ്വന്തമാക്കാനായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട തപസ്സിനൊടുവില്‍
സ്വപ്‌നം പൂവണിഞ്ഞു.
ജഡ വലിച്ചെറിഞ്ഞ് അണിഞ്ഞൊരുങ്ങി
ഞാനവള്‍ക്കൊപ്പം താമസമാക്കി.
തപസ്സെന്നുടെ പച്ചപ്പിനെ കരിച്ചിരുന്നു.എങ്കിലും
ആര്‍ദ്രമായ മനസ്സും ശുഷ്‌കിച്ച ശരീരവുമായി
ഞാന്‍ വീണ്ടും സ്വപ്‌നങ്ങളിലേക്ക്‌്
എന്നാല്‍ നാലുചുവരുകള്‍ക്കുള്ളില്‍
പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതമായി,
ചുടലയക്ഷിയായി അവളെന്നെ കൊല്ലാതെകൊന്നു.
അധികം വൈകാതെ ഞാന്‍ തിരിച്ചുനടന്നു
സമാധാനം തേടി വീണ്ടുമൊരു തപസ്സിന്.
ചിത്രത്തിനു കടപ്പാട്: ഗൂഗ്‌ള്‍
Tuesday, 9 September 2008
സോദരി വന്ന വഴി

പിച്ചവയ്‌ക്കുമ്പോള്‍ കൈപ്പിടിച്ചു നടത്താന്‍
മുമ്പില്‍ നിന്നതും കൊഞ്ചലുകള്‍ക്ക്
കാതോര്‍ത്തതും പെങ്ങളൂട്ടിയായിരുന്നു.
ആ കൈപ്പിടിച്ചു തന്നെയാണ് ഞാന്‍
പള്ളിക്കൂടത്തിന്റെ വഴിമുറ്റങ്ങള്‍ താണ്ടിയതും.
പരാശ്രയമില്ലാതെ വഴിത്താരകള്‍ മേയാന്‍
തുടങ്ങിയ വേളകളിലാണ് അയലത്തെക്ലാസ്സിലെ
സുന്ദരിക്കോതയില്‍ ഒരുകണ്ണു ഞാന്‍ പറിച്ചുനട്ടത്.
പലകോപ്രായങ്ങളും കാട്ടിയൊടുവിലാ പുഞ്ചിരി
സ്വന്തമാക്കുമ്പോള്‍ നെഞ്ചുനിറയെ നക്ഷത്രംപൂത്തു.
വാതോരാതെ കുസൃതിഭാഷണം നടത്തിയവളെ-
ന്നുടെ ആത്മാര്‍ഥ സുഹൃത്തുമായി.എങ്കിലും
ഇഷ്ടമെന്നു മൊഴിയാന്‍ അശക്തന്‍ മാത്രമായി ഞാന്‍.
മൂന്നുവര്‍ഷം അവളുടെ കാലടിപ്പാതകളനുഗമി-
ച്ചൊടുവിലാ സുദിനമാഗതമായി.
ഞാന്‍ മൊഴിഞ്ഞു. നീയെന്‍ പ്രാണേശ്വരി,
പിരിയരുതൊരിക്കലുമെന്നെ നീ.
ഇല്ലയാവില്ല നീയെന്‍ സോദരന്‍മാത്രമെന്ന്
ശഠിച്ചവള്‍ അകലുമ്പോള്‍
പുതിയ സോദരി വന്ന വഴിയോര്‍ത്തു
ഞാനന്തിച്ചു നിന്നു പോയി.
Labels: നര്‍മം
Saturday, 6 September 2008
ശത്രു രാജാവിന്റെ കഴുത്തുവെട്ടിയ ജാള്യം
ഒരിടത്തൊരു രാജാവുണ്ടായിരുന്നു.
രാജാവിനൊരു സുന്ദരിയായ മകളും.
ആ രാജകുമാരി എന്റെ ഭാര്യയായിരുന്നു.
ഞങ്ങള്‍ക്ക് സുന്ദരന്മാരും സുന്ദരികളുമായ നൂറുമക്കളും.
അങ്ങനെ ഒരുനാള്‍ ഞങ്ങളുടെ രാജ്യത്തേക്ക്
അയല്‍രാജ്യത്തെ രാജാവ് യുദ്ധത്തിനു വന്നു.
ഞാന്‍ പടച്ചട്ടയണിഞ്ഞ് യുദ്ധക്കളത്തിലിറങ്ങി.
വാളെടുത്ത് ശത്രുരാജാവിന്റെ നേര്‍ക്ക് ആഞ്ഞുവീശി. അയ്യോോോോോോോോോോോ
അലര്‍ച്ച കേട്ട് പടയാളികള്‍ പരിഭ്രാന്തരായി.
യുദ്ധക്കളം കിടുങ്ങി..............
പിന്നെ പടയാളികള്‍ ചിതറിയോടുന്ന ശബ്ദം മാത്രം.
ഞാന്‍ ഞെട്ടിയുണര്‍ന്നു. മുറിയില്‍ നിറയെ
ആളുകള്‍.
അരികില്‍ കിടന്ന ജ്യേഷ്ടന്‍ നെഞ്ചുതിരുമ്മുന്നു.
അമ്മ കുടിക്കാന്‍ വെള്ളം കൊടുക്കുന്നു.
അച്ഛനും പെങ്ങളും എന്നെ തുറിച്ചുനോക്കുന്നു.
വാളുവീശിയ ജാള്യതയില്‍ ഞാന്‍ വീണ്ടും
പുതപ്പിനടിയിലേക്ക് ചൂളിക്കൂടി.
ചിത്രത്തിനു കടപ്പാട് ഗൂഗിള്‍